ചരിത്രവും ഭൂമിശാസ്ത്രവും നേരാംവണ്ണം പഠിക്കുക തന്നെ വേണം.
കഴിഞ്ഞ നാലഞ്ചു ദിവസമായി ദൃശ്യ ,പത്ര മാധ്യമങ്ങൾ എഴുന്നള്ളിക്കുന്ന വിവരക്കേടുകൾ എല്ലാം ഒന്ന് തപ്പിയെടുത്താൽ ഒരു കനത്ത പുസ്തകം തന്നെ എഴുതാം. അത്ര ദയനീയമായാണ് അസംബന്ധങ്ങൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എന്തിനാണ് ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പഠിക്കുന്നത് എന്നൊക്കെ ഞാനും ആലോചിച്ചിട്ടുണ്ട് .പക്ഷെ വളരെ പെട്ടെന്ന് തന്നെ ഈ രണ്ട് വിഞ്ജാനശാഖകളുടെയും പ്രാധാന്യം ബോധ്യപ്പെടുകയും സ്വന്തം താൽപര്യത്തിൽ വായിക്കാൻ ആവുന്നതൊക്കെ വായിച്ചു ,പഠിക്കാനാവുന്ന ചരിത്രവും ഭൂമിശാസ്ത്രവും സ്വയം പഠിക്കുകയും ചെയ്തിട്ടുണ്ട് .ഈ രണ്ടു മേഖലകളും മറ്റേതു വിജ്ഞാന മേഖലകളെക്കാൾ മനുഷ്യന്റെ അസ്തിത്വത്തെ ബാധിച്ചിട്ടുണ്ട് എന്ന ബോധ്യമാണ് ഇന്ന് എനിക്കുള്ളത് .
ചരിത്രം സഹസ്രാബ്ദങ്ങൾക്കും നൂറ്റാണ്ടുകൾക്കും അകലെനിന്നും നമ്മോട് പലതും പറയുന്നുണ്ട് . അതൊക്കെ മനസിലാക്കാൻ ആയാൽ നമുക്ക് കണ്ടു പഠിക്കാം . അല്ലെങ്കിൽ നമുക്ക് കൊണ്ടേ പഠിക്കാനാവൂ . അങ്ങിനെ കൊള്ളുമ്പോൾ പലപ്പോഴും നമുക്ക് നഷ്ടപെട്ടിട്ടുള്ളത് നമ്മുടെ സ്വാതന്ത്ര്യവും സമ്പത്തും അന്തസും അഭിമാനവും ഒക്കെയാണ് . ഇന്നത്തെ പോലെ ഒരു ദശാസന്ധിയിൽ ചരിത്രത്തിന്റെ ശരിയായ വിശകലനം നമ്മെ ശരിയായ പാതയിൽ നയിച്ചേക്കും . അതുപോലെ തന്നെയാണ് ഭൂമിശാസ്ത്രവും . നാം ജീവിക്കുന്ന ഭൂഭാഗത്തിന്റെ പ്രത്യേകതകൾ , അതിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ, അപകടങ്ങൾ , അവയെ തരണം ചെയ്യാനുള്ള രീതികൾ , ഇതെല്ലാം ഭൂമിശാസ്ത്രത്തിന് നമ്മെ പഠിപ്പിക്കാനാവും. ചുരുക്കത്തിൽ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും ശരിയായി മനസിലാക്കി അപഗ്രധിച്ച് മുന്നേറുന്ന രാജ്യങ്ങളോട് ഒപ്പമായിരിക്കും സമ്പന്നതയും ശാന്തിയും എന്ന് നിസ്സംശയം പറയാം.
ഉക്രയിൻ എവിടെയാണെന്നോ EU എന്താണെന്നോ NATO എന്താണെന്നോ, റഷ്യയുടെ ഭൂമിശാസ്ത്രപരവും സൈനികവും വിഭവ പരവുമായ വലിപ്പം എന്താണെന്നോ, യൂറോപ്പിന്റെ കിഴക്കേ അതിര് എന്താണന്നോ .......... ഒരു പിടിയും ധാരണയുമില്ലാത്തവർ അവലോകനങ്ങളും , നീരീക്ഷണങ്ങളും നടത്തുമ്പോൾ ഈ മഹാൻമാരെക്കെ ഹൈ സ്കൂളിൽ എങ്കിലും പഠിച്ചിട്ടുണ്ടോ എന്ന സംശയമാണ് ബാക്കിയാവുന്നത്.
......
rishi.s
No comments:
Post a Comment