വണ്ണാറത്തൊടി മാഫിയ - ചെറുകഥ
======വണ്ണാറത്തൊടി ദേശത്തെ പ്രമാണിയാണ് ശ്രീമാൻ രാജശേഖരൻ .വെറും രാജശേഖരനല്ല മുതലാളിയെന്നോ ,തമ്പിയെന്നോ ,തലൈവർ എന്നൊക്കെയുള്ള വിശേഷണങ്ങൾ ചേർത്താണ് ശ്രീമാൻ രാജശേഖരനെ വണ്ണാറത്തൊടി ദേശത്തെ പൊതുജനം വിളിക്കുന്നത്. .വലിയ പണക്കാരനാണ് ശ്രീമാൻ രാജശേഖരൻ .പണം എങ്ങിനെ വന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല . നാണം കെട്ടും പണം ഉണ്ടാകണം നാണക്കേട് പണം തീർത്തുകൊള്ളും എന്ന വചനമാണ് മുതലാളിയുടെ സൂത്ര വാക്യം ..സൂത്രവാക്യം അതായതുകൊണ്ടു മുതലാളിയുടെ സമ്പത് പണമായും ഭൂമിയായും ഉത്തരോത്തരം കൂടി കൂടി വന്നു . വ ണ്ണാറത്തൊടിയിൽ പഞ്ചായത്തും പ്രസിഡന്റുമെല്ലാം ഉണ്ടെങ്കിലും മുതലാളി തന്നെയാണ് ‘’ഡി ഫാക്ടോ ’’ അധികാരി .ഒറിജിനൽ അധികാരികളൊക്കെ മുതലാളിയുടെ ആജ്ഞാനുവര്തികൾ .മുതലാളിയുടെ വീര കഥകൾ നാട്ടിൽ പ്രചരിപ്പിക്കാൻ പാണന്മാരെയും മുതലാളി ഏർപ്പാടാക്കി .മുതലാളി സിംഹവുമായി മൽപ്പിടുത്തം നടത്തി .മുതലാളി വെടിയുണ്ട കൈകൊണ്ടു പിടിച്ചു തുടങ്ങി പല കഥകളും മുതലാളിയെപ്പറ്റി പ്രചരിപ്പിക്കപ്പെട്ടു.
അങ്ങിനെയിരിക്കെയാണ് മുതലാളി കിടപ്പിലാകുന്നതും പെട്ടന്ന് കാലം ചെയ്യുന്നതും മുതലാളിയുടെ വഹയിലൊരു മഹനായ ഗുണശേഖരനാണ് പുതിയ മുതലാളിയായി ചാർജ് എടുത്തത് .ഏത് അധികാരകൈമാറ്റവും സംഭവബഹുലമാണ് വണ്ണാറത്തൊടിയിലും അതുതന്നെ സംഭവിച്ചു .
വണ്ണാറത്തൊടിയിലെ പ്രധാന ''സാമൂഹ്യ പ്രവർത്തകൻ '' ആണ് കെ പി പുഷ്ക്കരൻ .പുഷ്ക്കരൻ ഒരുദിവസം ഗുണശേഖരനെ കണ്ടു ചില ഗൗരവതരമായ രാജ്യ തന്ത്രങ്ങൾ മന്ത്രിച്ചു . രാജശേഖരൻ മുതലാളിക്ക് നൽകിയ ''ബഹുമാനം ''വണ്ണാറത്തൊടിയിലെ ഏഴാം കൂലികൾ ഗുണശേഖരന് നൽകുന്നില്ല ..മുതലാളിക്കെതിരെ പ്രതിലോമ വാദികളും ,സാമ്രാജ്യത്വ ശക്തികളും സഖ്യമുന്നണിയുണ്ടാക്കി. അട്ടിമറി പ്രവർത്തനം നടത്തുന്നുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു .അതൊക്കെ മുൻകൂട്ടി കണ്ടുപിടിക്കണം .
അതെങ്ങിനെ കണ്ടുപിടിക്കും ? ഗുണശേഖരന്റെ ചോദ്യം
പുഷ്ക്കരൻ വെടിവച്ചതുപോലെ ഉത്തരം നൽകി .ഒരു ചാര സംഘടനയുണ്ടാക്കണം .ഈ സി ഐ എ യും മൊസാദും ഒക്കെപോലെ .
സംഗതി കൊള്ളാമെന്നു ഗുണശേഖരനും തോന്നി .ഒരു ചാരസംഘടനക്കു ആദ്യമായി വേണ്ടത് ഒരു തലവനെയാണ് .പുലി തലവന് പൊട്ടു അമ്മാൻ ചാരത്തലവനായതുപോലെ ഗുണശേഖരൻ ഉടനെത്തന്നെ ചെത്തുകാരൻ രാജപ്പനെ ചാരസംഘടനയുടെ തലവനായി അവരോധിച്ചു ..തെങ്ങിൽ കയറുന്നതുകൊണ്ടു വിദൂര സംഭവങ്ങൾ നിരീക്ഷിച്ച അവലോകനം നടത്താൻ കഴിയുന്നത് കൊണ്ടും ,ആയുധങ്ങൾ എപ്പൊഴും കൂടെ കൊണ്ട് നടക്കുന്നതുകൊണ്ടും രാജപ്പൻ തന്നെയാണ് ചാരത്തലവനാകാൻ സർവഥാ യോഗ്യൻ എന്ന് പുഷ്കരനും വിധിയെഴുതി .അതോടെ വണ്ണാറത്തൊടിയിൽ പുഷ്കര -രാജപ്പ സഖ്യം നിലവിൽ വന്നു.
പ്രവർത്തനമില്ലാതെ എന്ത് ചാര സംഘടന.!!ചാരസംഘടനയുടെ കഴിവുതെളിയിക്കാൻ ഒരു സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷൻ നടത്താൻ പുഷ്കര -രാജപ്പ സഖ്യം തീരുമാനിച്ചു .തത്കാലത്തേക്ക് കമാണ്ടോകളായി അവർ സ്വയം പ്രഖ്യാപിച്ചു . വര്ഷങ്ങള്ക്കുമുന്പ് പുഷ്ക്കരൻ ഒരു പിരിവു ചോദിച്ചപ്പോൾ അരിക്കട പരമു പുഷ്കരനെ തെറി വിളിച്ചിരുന്നു ആ വൈരാഗ്യം തീർക്കലാകട്ടെ ചാരസംഘടനയുടെ ആദ്യ മിഷൻ എന്ന് അവർ തീരുമാനിച്ചു .നാലുലിറ്റർ കരി ഓയിൽ സംഘടിപ്പിച്ചു .രാത്രി അരികടപൂട്ടി വീട്ടിലേക്കു പോവുകയായിരുന്ന പരമുവിന്റെ തടഞ്ഞു നിർത്തി കരിഓയിൽ അഭിഷേകം നടത്തി '' നീ മുതലാളിയെ തെറിവിളിക്കും അല്ലേടാ'' എന്നട്ടഹസിച്ചുകൊണ്ടായിരുന്നു അഭിഷേകം .ഒന്നും മനസ്സിലായില്ലെങ്കിലും പരമു ഓടി രക്ഷപെട്ടു .
മുതലാളിക്കെതിരായി നടക്കുന്ന സാമ്രാജ്യത്വ ഗൂഢാലോചന പൊളിച്ചെന്നും നേതാവിന്റെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തി എന്നും ചാരസംഘടന മുതലാളിയെ ബോധിപ്പിച്ചു .പൊതുവെ പൊണ്ണനായ മുതലാളി അവർക്കു വീരാളിപ്പട്ട് ഉം ആയിരത്തി ഒന്ന് പൊൻ പണവും നൽകി ആദരിച്ചു. പാലുകാരൻ കൊച്ചാപ്പിയുടെ സൈക്കിളിന് അളുളുവച്ചതായിരുന്നു അടുത്ത ഓപ്പറേഷൻ .ഇങ്ങനെയുള്ള പല അതിസാഹസികമായ ഓപ്പറേഷനുകളും നടത്തി അവർ മുതലാളിക്കെതിരെയുള്ള പ്രതിലോമ സാമ്രാജ്യത്വ അന്തർ ധാരയെ നേരിട്ടുകൊണ്ടിരുന്നു .അതിനെല്ലാം പൊൻപണവും ഗുണശേഖരനിൽനിന്നു അവർ തട്ടിയെടുത്തു .ഇതൊക്കെ കണ്ടു വണ്ണാറത്തൊടിയിൽ ഒരു മാഫിയ ഉണ്ടെന്ന് പലരും അടക്കം പറഞ്ഞു .''വണ്ണാറത്തൊടി മാഫിയ'' അങ്ങനെ ചരിത്രത്തിൽ പ്രതിഷ്ടിതമായി. ഇതിനിടയിൽ മറ്റൊരു ''സാമൂഹ്യ പ്രവർത്തകനായ'' ഗുണ്ടുകാട് ചന്ദ്രപ്പൻ കൂടി അവരോടൊപ്പം കൂടി .വണ്ണാറത്തൊടി മാഫിയ ഒരു ''ഡീപ് സ്റ്റേറ്റ് ''ആയി വണ്ണാറത്തൊടിയുടെ മൂക്കിനും മൂലയിലും പടർന്നു പന്തലിച്ചു.
ഇതൊക്കെക്കണ്ട് നാട്ടുകാർ കിടുകിടാ വിറച്ചുതുടങ്ങി .ഗുണശേഖരനെ എവിടെ കണ്ടാലും ചിലർ കാലിൽ വീണു നമസ്കരിക്കാൻ തുടങ്ങി .ഗുണശേഖരൻ മുതലാളിക്ക് തന്റെ ചാര സംഘടനയുടെ പ്രവർത്തനത്തിൽ അഭിമാനം തോന്നി .അവരിൽ ചിലരെ ഗുണശേഖരൻ കാര്യക്കാരായി നിയമിച്ചു .ഏറ്റവുമധികം കുനിഞ്ഞു കാലിൽ വീണ പൂക്കട ചെല്ലപ്പനെ മുതലാളി സർവാധി കാര്യകാരനായി നിയമിച്ചു . സർവാധി കാര്യകാരന് പ്രത്യേകിച്ച് പണിയൊന്നുമില്ല . കാണുമ്പൊൾ കാണുമ്പോൾ ഗുണശേഖരന്റെ കാലിൽ വീഴണം .വണ്ണാറത്തൊടി മാഫിയക്ക് പണം എണ്ണിക്കൊടുക്കണം കൊപ്രയുടെയും കപ്പയുടെയും കണക്ക് എഴുതിവെക്കണം .പിന്നെ മുതലാളി വിദേശ പര്യടനത്തിന് പോകുമ്പോൾ നാട്ടിലെ നീതിന്യായം നടപ്പിലാക്കണം.
ചാരസംഘടനാ തലവന്മാർ അതിനകം മുതലാളിയെ വെല്ലുന്ന മുതലാളിമാർ ആയി മാറിയിരുന്നു . ചെത്തുകാരൻ രാജപ്പൻ പേര് മാറ്റി സി എ . അപ്പൻ എന്നാക്കി .കെ പി പുഷ്ക്കരൻ കെ പി പി ഖരൻ ആയി .ഇവരുടെ അനുയായികളും ''ഗുണപരമായ '' മാറ്റങ്ങൾ വന്നു വണ്ണാറത്തൊടിയിലെ ജനം മാറി മാറി ഗുണശേഖരന്റേയും ,കാര്യക്കാരുടെയും ,മാഫിയയുടെയും കാലിൽ വീണു .അവരുടെ മുതലാളി ഭക്തിയിൽ മനം നിറഞ്ഞ പ്രജാ വത്സലനായ മുതലാളി എല്ലാവര്ക്കും പത്തു തേങ്ങാ വീതം വർഷവും ഭണ്ഡാരത്തിൽ നിന്ന് വിതരണം ചൈയ്യാൻ കല്പനയായി .നിഷ്കളങ്കരായ അവർ മാറിമാറി മുതലാളിക്കും ,കാര്യക്കാർക്കും ,മാഫിയക്കും ജയ് ,ജയ് വിളിച്ചു.
പെട്ടന്നാണ് ഒരു വാർത്ത പരന്നത് ഗുണശേഖരൻ മുതലാളി ഏതോ അജ്ഞാത ശക്തിയുടെ പ്രഹരം കൊണ്ട് കൈയും കാലുമൊടിഞ്ഞു കിടപ്പിലായി വണ്ണാറത്തൊടിയിലെ ജനങ്ങൾക്കുവേണ്ടി സി സി അപ്പനും സംഘവും ഗുണശേഖരന്റെ വിരലടയാളം പതിച്ചു ധാരാളം മുദ്രപത്രങ്ങൾ പതിപ്പിച്ചെടുത്തു ചെല്ലപ്പൻ സർവാധികാര്യക്കാർ ഇതിനെ പറ്റി തിരക്കിയപ്പോൾ അതെല്ലാം ''സ്റ്റേറ്റ് സീക്രെട്സ്'' ആണെന്നും അതൊക്കെ പുറത്തുവിട്ടാൽ ദൈവകോപം ഉണ്ടാകുമെന്നും ചാരത്തലവൻ വിശദീകരണം നൽകി .
ഗുണശേഖരൻ കാലൊടിഞ്ഞതുപോലെ ഒരു ദിവസം പെട്ടന്ന് ദിവംഗതനായി . .വണ്ണാറത്തൊടിയിലെ എല്ലാ ജനങ്ങളും പത്തുദിവസം നെഞ്ചത്തടിച്ചു നിലവിളിക്കണമെന്നു സർവാധി കാര്യക്കാർ ഉത്തരവിട്ടു .അനുസരിക്കാത്തവരെ മാഫിയ കൈകാര്യം ചെയ്യ്തു .
അടിയന്തിരത്തിന്റെ അന്ന് ഗുണശേഖരൻ മുതലാളിയുടെ വിൽപത്രം വായിക്കപ്പെട്ടു .അതിൽ സ്ഥാവര ജംഗമങ്ങളെല്ലാം സി സി അപ്പനും കൂട്ടർക്കും എഴുതപ്പെട്ടിരുന്നു .ചെല്ലപ്പൻ സര്വാധികാര്യകർക് അടിയന്തിരം കഴിയുന്നതുവരെ മുതലാളിയുടെ കസേരയിലിരിക്കാനുള്ള അധികാരവും ,ഇതുവരെയുള്ള സേവനങ്ങൾക്കു പ്രതിഭലമായി മുതലാളിയുടെ വെറ്റില ചെല്ലവും രേഖപെടുത്തപ്പെട്ടിരുന്നു.
=====
rishidas
No comments:
Post a Comment