ഭരണകൂടം തന്നെ മുൻകൈയെടുത്തു ദേശീയ സെർച് എഞ്ചിനും ദേശീയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും രംഗത്തിറക്കണം .
സാങ്കേതിക വിദ്യ ഭീമന്മാർ ( big tech ) എന്ന് വിളിക്കപ്പെടുന്ന സ്വകാര്യ കമ്പനികൾ നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞു അമേരിക്കക്ക് വിടുപണിചെയുന്ന വിനീത വിധേയ സ്ഥാപനങ്ങളാണെന്നും അതിനെപ്രതിരോധിക്കാൻ ഇന്ത്യ മുൻകരുതലുകൾ എടുക്കണം എന്നും വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതിയിട്ടുണ്ട് . ഈ മേഖലയിൽ നാം കാണിക്കുന്നത് ദുഖകരമായ ഉദാസീനതയാണ് . ഇതുവരെ ഒന്നും നാം ഈ ദിശയിൽ ചെയ്തിട്ടില്ല . റഷ്യ ഉക്രെയ്‌ൻ യുദ്ധം വിവരങ്ങളുടെയും അഭിപ്രായങ്ങളുടെയും ആയുധവൽക്കരണവും ഇന്റെര്നെറ്റിലെയും സോഷ്യൽ മീഡിയയിലെയും സെൻസർഷിപ്പിന്റെയും ഏറ്റവും വികൃതമായ മുഖങ്ങളെയാണ് പുറത്തു കൊണ്ട് വരുന്നത് . പാശ്ചാത്യ സാങ്കേതിക വിദ്യാ -സോഷ്യൽ മീഡിയ കമ്പനികൾ എല്ലാo അമേരിക്കൻ ഭരണത്തിന്റെ ഒരു തുടർച്ച മാത്രമാണ് . അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നത് പോലെയാണ് അവർ പ്രവർത്തിക്കുക . റഷ്യക്കും ചൈനക്കും തദ്ദേശീയ സെർച് എഞ്ചിനുകളും സോഷ്യൽ മീഡിയ നെറ്റ് വർക്കുകളും ഒക്കെയുണ്ട് .അതിനാൽ അവർക്ക് പാശ്ചാത്യ മാധ്യമങ്ങൾ എന്ത് പ്രചരിപ്പിച്ചാലും ഒന്നുമില്ല ,അവരുടെ തദ്ദേശീയ ജനതയിൽ എത്തുന്ന വിവരങ്ങളെ നിയന്ത്രിക്കാൻ ആവും .
പക്ഷെ നമുക്ക് ആ സൗകര്യങ്ങൾ ഇല്ല . 1971 ലെ ഇൻഡോ പാക്ക് യുദ്ധകാലത്തു ഇന്ത്യയുടെ മേൽ പാശ്ചാത്യ രാജ്യങ്ങൾ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നു . അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒന്നും ഇല്ലായിരുന്നു . ഇന്നായിരുന്നെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്കുമേൽ ഒരു വിവരയുദ്ധം അഴിച്ചു വിടുമായിരുന്നു . ഇവിടെയുള്ള അഞ്ചാം പത്തികൾ അതൊക്കെ ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു .
ലോകം വളരെ അപകടകരമായ ഒരു പ്രദേശമാണ് . വിവരങ്ങൾക്കും അവതരണങ്ങൾക്കും പ്രചാരണങ്ങൾക്കുമാണ് എപ്പോഴും സത്യത്തേക്കാൾ മുൻതൂക്കം കിട്ടുക . വസ്തുതകളെ അപഗ്രഥിച്ചു സ്വയം അഭിപ്രായം രൂപീകരിക്കാൻ കഴിവുള്ളവർ ജനസംഖ്യയിൽ പത്തു ശതമാനം പോലും ഉണ്ടാവണം എന്നില്ല . അതിനാൽ തന്നെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമാണ് ഇപ്പോൾ പൊതു അഭിപ്രായ രൂപീകരണം നടത്തുന്നത് .
സൂകര ബെർഗാനും ചുന്തര പിച്ചനും മാമാ ചാനലുകൾക്കും രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാകരുത് നമ്മുടെ പൊതു അഭിപ്രായo. രാജ്യവിരുദ്ധ പ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും എതിരെ ഒരു ദയയും ഉണ്ടാവാൻ പാടില്ല . അതിനൊപ്പം അഭിപ്രായ രൂപീകരണത്തിനും പ്രചാരണത്തിനും ആവശ്യമായ പൊതു ദേശീയ സംവിധാനങ്ങളും നാം പടുത്തുയർത്തിയെ മതിയാവൂ.
-----
rishi.s
No comments:
Post a Comment