Monday, March 14, 2022

 ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ എന്ന കാലപ്പഴക്കമേറിയ ബഹിരാകാശനിലയം ഇന്ന് ഭൂമിയെ ഏതാണ്ട് 350 - 400 കിലോമീറ്റർ ഉയരത്തിൽ വലം വക്കുകയാണ്. വിചിത്രമായ ഒരു US -റഷ്യ സംയുക്ത സംരംഭമാണ് ISS .നിലവിലെ യുദ്ധത്തിന്റെ യും ഉപരോധങ്ങളുടെയും വെളിച്ചത്തിൽ 30 വർഷം മുമ്പ് നടന്ന ചില സംഭവങ്ങൾ ഒന്നുകൂടി ഓർക്കുന്നത് നന്നാവും.

........
ത്രിശങ്കുവിലായിപ്പോയ മനുഷ്യൻ - സെർജി ക്രിക്കാലേവ് - അവസാന USSR പൗരൻ .
........
വീടിനുള്ളിലോ വാഹനത്തിനുള്ളിലോ ഏതാനും മണിക്കൂറുകൾ കുടുങ്ങിപ്പോവുക എന്നത് ഭീതിജനകമായ ഒരനുഭവമാണ്. ഭൂമിക്ക് 350 കിലോമീറ്റർ അകലെ ഗുരുത്വബലം പോലുമില്ലാത്ത ഒരു സ്പേസ് സ്റ്റേഷനിൽ ഏതാനും മാസങ്ങളോളം കുടുങ്ങിപ്പോവുക എന്നത് തികച്ചും പേടിപ്പെടുത്തുന്ന ഒരനുഭവമായിരിക്കും. അത്തരം ഒരവസ്ഥയിലൂടെ കടന്നുപോയ മനുഷ്യനാണ് സെർജി ക്രിക്കാലേവ് എന്ന സോവ്യറ്റ് / റഷ്യൻ കോസ്മനോട്ട്.
സോവ്യറ്റ് യൂണിയൻ എൺപതുകളിൽ നിർമ്മിച്ച ബഹിരാകാശ നിലയമായിരുന്നു മിർ ബഹിരാകാശനിലയം. അന്നേവരെ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ ബഹിരാകാശ നിലയമായ മിർ ഒരു സാങ്കേതിക വിസ്മയം തന്നെ ആയിരുന്നു. 1986 ൽ ആണ് മിർ ഇന്റെ ആദ്യ മോഡ്യൂൾ വിക്ഷേപിച്ചത്. തുടർച്ചയായ പ്രോട്ടോൺ - സോയൂസ് വിക്ഷേപണങ്ങളിലൂടെ മോഡ്യൂളുകൾ കൂട്ടിയിണക്കിയാണ് മിർ നിർമ്മിക്കപ്പെട്ടത്.
എൺപതുകളുടെ അവസാനമായപ്പോൾ സോവ്യറ്റ് യൂണിയൻ അസ്ഥിരമാകൻ തുടങ്ങി . പക്ഷെ മിർ ലേക്കുള്ള ലോഞ്ചുകൾ തുടർന്നു. 1991 മേയ് 19 ന് സോയൂസ് TM - 12 ലേറി സെർജി ക്രിക്കാലേവ് എന്ന USSR പൗരൻ മിർ ലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയായിരുന്നു അത്. അടുത്ത ദിവസം മിർ ൽ എത്തിയ ക്രിക്കാലേവ് അഞ്ചു മാസം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തും എന്നതായിരുന്നു ഷെഡ്യൂൾ.
പക്ഷെ ക്രിക്കാലേവ് മിർ ൽ എത്തി രണ്ടുമാസത്തിനുള്ളിൽ ത്തന്നെ സോവ്യറ്റ് യൂണിയനിൽ പല സംഭവങ്ങളും അരങ്ങേറി. അധികാരം പിടിച്ചെടുക്കാൻ വൈസ് പ്രെസിഡന്റ് ഗന്നാഡി യാനയേവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഏറ്റവും വലിയ ഘടക റിപ്പബ്ലിക്കായ റഷ്യൻ ഫെഡറേഷന്റെ നേതാവ് ബോറിസ് യെൽറ്റ്സിൻ അധികാരങ്ങൾ കൈയ്യടക്കി. USSR തന്നെ പ്രായോഗികമായി ഇല്ലാതായി. 1991 ഡിസംബർ 25 ന് USSR ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ടു. മിർ ൽ കുടുങ്ങിയ ക്രിക്കലേവ് തൃശങ്കുവിലായി. അപ്പോഴേക്കും അദ്ദേഹം ബഹിരാകാശനിലയത്തിൽ ആറു മാസത്തിലേറെ ചെലവഴിച്ചിരുന്നു.
സോവ്യറ്റ് യൂണിയൻ സ്പേസിൽ എത്തിച്ച ആളെ തിരികെ കൊണ്ടുവരുന്ന ബാധ്യത പിൻതുടർച്ച രാജ്യമായ റഷ്യൻ ഫെഡറേഷനായിരുന്നു. പക്ഷെ യെൽസിന്റെ റഷ്യ ഒരു താത്പര്യവും കാണിച്ചില്ല. റഷ്യൻ സ്പേസ് ഏജൻസിക്ക് പണമില്ലാത്തതു കാരണം ക്രിക്കലേവിനെ തിരികെ കൊണ്ടുവരാൻ ഒരു സോയൂസ് ദൗത്യം നടത്താനാകാതെ വന്നു.
ഒടുവിൽ മിർ ലേക്ക് ഒരു ജർമ്മൻ ടൂറിസ്റ്റിനെ 24 മില്യൻ ഡോളർ വസൂലാക്കി അയക്കാനുള്ള കരാർ നേടിയെടുക്കാൻ റഷ്യൻ സ്പേസ് ഏജെൻസി ഗ്ലാവ്കോസ്മോസിനായി. ആ പണം ഉപയോഗിച്ച് 1992 മാർച്ച് അവസാനം മിർ ലേക്ക് ഒരു ദൗത്യം നടത്തി ക്രിക്കാലേവിനെ അവർ മാർച്ച് 25 ന് തിരികെ ഭൂമിയിൽ എത്തിച്ചു.
അപ്പോഴേക്കും ക്രിക്കാ ലേവ് തുടർച്ചയായി 311 ദിവസം ബഹിരാകാശത്ത് കഴിഞ് റിക്കോഡ് സ്ഥാപിച്ചിരുന്നു. അപ്പോഴും സോവ്യറ്റ് പൗരനായി മടങ്ങിയ ക്രിക്കാലേവിനെ റഷ്യ ഹീറോ ഓഫ് റഷ്യൻ ഫെഡറേഷൻ എന്ന പുരസ്കാരം നൽകി ആദരിച്ചു. അവസാന USSR പൗരനായിരുന്നു സെർജി ക്രിക്കാ ലേവ്.
മിർ ൽ ഭക്ഷണ റിസർവ്വുകളും ഓക്സിജൻ, ജല റീജെനറേഷൻ സംവിധാനങ്ങളും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഒരു റീ സപ്ളെയും ഇല്ലാതെ അദ്ദേഹത്തിന് 10 മാസം ഏകാന്തമായ മൈക്രോ ഗ്രാവിറ്റി യിൽ കഴിച്ചു കൂട്ടാനായത്.
തിരിച്ചെത്തിയപ്പോൾ ആരോഗ്യം മോശമായിരുന്നുവെങ്കിലും ക്രിക്കാ ലേവ് പിന്നെയും പല ബഹിരാകാശ യാത്രകൾ നടത്തി. മിറിനു ശേഷം നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെക്കുള്ള (ISS) ആദ്യ സഞ്ചാരിയും ക്രിക്കാലേവ് ആയിരുന്നു.
...
rishi
---
PS:ആറു തവണ ബഹിരാകാശത്തേക്ക് യാത്ര നടത്തിയ ക്രിക്കാലെവ് മൊത്തം 803 ദിവസം ബഹിരാകാശത്തു കഴിഞ്ഞു .നാല്പതു മണിക്കൂറിലേറെ എക്സ്ട്രാ വെഹികുലാർ ആക്ടിവിറ്റികളും അദ്ദേഹം നടത്തിയിട്ടുണ്ട് .മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്ന അദ്ദേഹം തന്റെ മിക്ക ബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് എഞ്ചിനീയറുടെ സ്ഥാനമാണ് വഹിച്ചിരുന്നത് . ഏറ്റവും വിജയകരമായ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയ ചരിത്രമുള്ള ക്രിക്കാലെവ് 2007 ൽ ബഹിരാകാശ ദൗത്യങ്ങളിൽ നിന്നും വിരമിച്ചു . പക്ഷെ അതിനുശേഷവും ഗ്രൗണ്ട് കൺട്രോളിൽ ഇരുന്ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനെ പല അപകടങ്ങളിൽ നിന്നും അദ്ദേഹം രക്ഷിച്ചിട്ടുണ്ട് . 62 കാരനായ ക്രിക്കാലെവ് ഇപ്പോൾ റഷ്യൻ ബഹിരാകാശ ഉപകരണ നിർമാതാക്കളായ എനെർജിയ യുടെ വൈസ് പ്രെസിഡന്റുമാരിൽ ഒരാളാണ് .
---
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...