Monday, March 14, 2022

 യുദ്ധ വിമാനങ്ങൾ - പൗരാണികം മുതൽ അഞ്ചാംതലമുറ വരെ

----------

പറക്കുന്ന യന്ത്രങ്ങൾ എല്ലാ കാലത്തും മനുഷ്യനെ അത്ഭുത പരവശനാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട് .പുരാണങ്ങളിൽ പ്രതിപാദിച്ചിരുന്ന പുഷ്പക വിമാനം വൈശ്രവണന്റേതായിരുന്നു .വൈശ്രവണൻ (കുബേരൻ ) സമ്പത്തിന്റെ ദേവതയും സ്വയം അതിസമ്പന്നനും ആയിരുന്നു .സ്വർണം കൊണ്ടാണ് വൈശ്രവണൻ ലങ്കാനഗരം പണികഴിപ്പിച്ചത് .അന്നും അതി സമ്പന്നനായ ഒരാൾക്കുമാത്രമേ ഒരു പറക്കുന്ന യന്ത്രം സ്വന്തമാക്കാൻ കഴിയുമായിരുന്നുളൂ .സഹോദരനായ വൈശ്രവണനെ ലങ്കയിൽനിന്നോടിച്ചിട്ടാണ് രാവണൻ ലങ്കയും പുഷ്പകവിമാനവും സ്വന്തമാക്കിയത്.രാവണന്റെ ''സ്റ്റാറ്റസ് സിംബൽ ''ആയിരുന്നു പുഷ്പക വിമാനം .പുഷ്പക വിമാനം ശരിക്കും ഒരു മൾട്ടി പർപ്പസ് കോംബാറ് റ്എയർ ക്രാഫ്റ്റ് (MULTI PURPOSE COMBAT AIRCRAFT) ആയിരുന്നു .രാവണന്റെ സഞ്ചാരവും യുദ്ധവുമെല്ലാം പുഷ്പക വിമാനത്തിലായിരുന്നു .

മറ്റൊരുപൗരാണികമായ യുദ്ധ വിമാനമാണ് സാൽവന്റെ ''സൗഭം ''.സാൽവന് ശ്രീ കൃഷ്ണന്റെ സമകാലീകനായ രാജാവായിരുന്നു . പല കാരണങ്ങൾ കൊണ്ടും കൃഷ്ണന്റെ ശത്രുവായിരുന്നു സാൽവൻ.. ഭാഗവതത്തിൽ സാൽവനെപ്പറ്റിയും അദ്ദേഹത്തിന്റെ യുദ്ധവിമാനത്തെപ്പറ്റിയും അതിൽ കയറി സാൽവൻ ദ്വാരകയെ ആക്രമിച്ചതുമെല്ലാം വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . സാൽവൻ തപസ്സു കൊണ്ട് നേടിയതാണ് അതിശക്തമായ ''സൗഭം'' എന്ന വിമാനം . ഫ്ലൈറ്റ് കാരക്ടറിസ്റ്റിക്സ് ഇൽ ഇന്നത്തെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കു സമാനമായിരുന്നു സൗഭം ..മറ്റുള്ളവർക് കാണാൻ കഴിയാത്ത (STEALTH).,അതിവേഗതയാർന്ന( SUPERCRUISE) പെട്ടന്ന് ഗതിമാറ്റാനാവുന്ന (SUPER MANEUVERABLE) സൗഭത്തെ നേരിടാൻ ഭഗവാൻ കൃഷ്ണൻ പോലും വിഷമിച്ചു . പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ സാൽവന്റെ സൗഭം തകർക്കാൻ ശ്രീ കൃഷ്ണന് കഴിഞ്ഞെങ്കിലും സാൽവന്റെ ആകാശാക്രമണം ദ്വാരകാ വാസികളെ ഭയ ചകിതരാക്കുകയും കാര്യമായ നാശം വിതക്കുകയും ചെയ്തിരുന്നു .

ഇക്കാലത്തെ യുദ്ധങ്ങളിലെയും ഗതിനിർണയിക്കുന്ന ഘടകമാണ് യുദ്ധ വിമാനങ്ങൾ ഏതാനും റഷ്യൻ യുദ്ധവിമാനങ്ങൾ എങ്ങിനെയാണ് സിറിയയിലെ യുദ്ധത്തിന്റെ ഗതി മാറ്റിയത് എന്ന് കഴിഞ്ഞ വര്ഷം നാം കണ്ടതാണ് .പുഷ്പകത്തെയും സൗഭത്തെയുംപോലെ വില പിടിച്ചതാണ് ഇന്നത്തെ യുദ്ധ വിമാനങ്ങൾ .ഒരു ആധുനിക യുദ്ധ വിമാനത്തിന്റെ ശരാശരിവില ആയിരം കോടി രൂപക്കടുത്തു വരും .വിമാനം ശുദ്ധ സ്വർണം കൊണ്ട് നിര്മിച്ചിരുന്നെങ്കിൽ വരുന്ന വില . അഞ്ചാം തല മുറ യുദ്ധ വിമാനങ്ങളുടെ കാലമാണ് വരാൻ പോകുന്നത് .അവ കൈയിലുള്ളവരാണ് പുതിയ ലോകശക്തികൾ ..ഇവയെ പറ്റിയുള്ള കൃത്യതയില്ലാത്ത പല റിപ്പോർട്ടുകളും പത്രങ്ങളിൽ വരാറുണ്ട് ..''വായിൽ തോന്നിയത് കോതക്ക് പാട്ട് '' എന്നതുപോലെയാണ് പല വാർത്തകളും .ഇത്തരുണത്തിലാണ് യുദ്ധവിമാനങ്ങളെ പറ്റി ഒന്നെഴുതാമെന്നു തോന്നിയത് .പൗരാണികമായ വിമാനങ്ങൾ നിർമിച്ച വിശ്വകർമ്മാവിനെയും .വൈശ്രവണനെയും പൗരാണികമായ ഫൈറ്റർ പൈലറ്റ് സാൽവനെയും സ്മരിച്ചുകൊണ്ട് യുദ്ധവിമാനങ്ങൾ കുറിച്ച ഒരു ചെറിയ കുറിപ്പ് എഴുതുന്നു .

യുദ്ധ വിമാനങ്ങളുടെ തലമുറകൾ
-------
രണ്ടാം ലോക മഹായുദ്ധത്തിലും അത് മുൻപും ഉണ്ടായിരുന്ന പിസ്റ്റൺ എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളെ സാധാരണ ഒന്നാം തലമുറ വിമാനങ്ങളായല്ല പരിഗണിക്കുന്നത് .അവയെ പ്രത്യേകമായി ഒരു തലമുറയിൽ പെടുത്താതെ പിസ്റ്റൺ എൻജിൻ യുദ്ധ വിമാനങ്ങൾ എന്ന പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്

അഞ്ചു തലമുറ യുദ്ധ വിമാനങ്ങൾ രണ്ടാം ലോക മഹ്ഹായുദ്ധത്തിനു ശേഷം ഇതുവരെ യുദ്ധ മുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .അവയുടെ ഏറ്റവും മുഖ്യമായ പ്രത്യേകതകൾ താഴെ വിവരിക്കുന്നു .

ഒന്നാം തലമുറ : (1945-1995)
------
ആദ്യകാല ജെറ്റ് യുദ്ധ വിമാനങ്ങളെയാണ് ഒന്നാം തലമുറ യുദ്ധ വിമാനങ്ങളാണ് കരുതുന്നത് .രണ്ടാം ലോക യുദ്ധത്തിന്റെ അവസാനമാണ് ഇവ പ്രത്യക്ഷപ്പെട്ടത് .ഇവയുടെ വേഗത ശബ്ദവേഗത്തിനടുത്തോ അതിനു താഴയോ ആയിരുന്നു .വിമാനത്തിൽ ഘടിപ്പിച്ച തോക്കുകൾ ആയിരുന്നു പ്രധാന ആയുധം ഭാരവാഹകശേഷി കുറവായതിനാൽ വലിയ ബോംബുകൾ വഹിക്കാനുള്ള കറുത്ത ഇത്തരം വിമാനങ്ങൾക്കുണ്ടായിരുന്നില്ല .ഒന്നാം തലമുറയിലെ ഏറ്റവും കരുത്തുള്ള യുദ്ധവിമാനങ്ങൾ അമേരിക്കയുടെ എഫ് 86 ഉം സോവിയറ്റ് യൂണിയന്റെ മിഗ് -17 ഉം ആയിരുന്നു .ഇതിൽ മിഗ് 17ഇന്റെ വകഭേദങ്ങൾ ചൈനയിലും ,ഉത്തരകൊറിയയിലും ഇപ്പോഴും വ്യോമസേനകളിൽ നിലനിൽക്കുന്നു

രണ്ടാം തലമുറ (1955 മുതൽ)
------
അമ്പതുകളുടെ അവസാനത്തിലും അറുപതുകളിലുമാണ് രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടത് കൂടുതൽ ശക്തമായ അക്സിയൽ ടര്ബോജെറ് എൻജിനുകൾ ഘടിപ്പിച്ച ഇവ ശബ്ദവേഗത്തെ മറികടക്കുന്ന വേഗതയുള്ളവയായിരുന്നു .ഇവയിൽ പലതിന്റെയും പരമാവധി വേഗത ശബ്ദത്തിന്റെ രണ്ടു മടങ്ങിനോടടുത്ത(Mach 2) ആയിരുന്നു .മിസൈലുകൾ ആയിരുന്നു പ്രധാന ആയുധം .പലവയിലും റഡാര് സംവിധാനങ്ങൾ ഘടിപ്പിച്ചിരുന്നു. ആക്രമണങ്ങളുടെ കൃത്യത കൂട്ടാനും .വളരെ ദൂരെനിന്നു ശത്രു വിമാനങ്ങളെ കണ്ടുപിടിക്കാനും റഡാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു . മനുഷ്യന്റെ കണ്ണുകളിൽനിന്നു റഡാറുകൾ നിരീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തത് രണ്ടാം തലമുറയിലൂടെയായിരുന്നു .സോവ്യേറ്റ് യൂണിയന്റെ മിഗ് 19 ,യു എസ് ഇന്റെ ഫ് 5 ,ഫ്രാൻസിന്റെ മിറാഷ് III തുടങ്ങിയവയാണ് പ്രമുഖ രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ. പരിഷ്കരിക്കപ്പെട്ട രണ്ടാമത്തെ തലമുറ യുദ്ധവിമാനങ്ങൾ ഇപ്പോഴും ധാരാളമായി വ്യോമസേനകളിൽ പ്രവർത്തിക്കുന്നുണ്ട്

മൂന്നാം തലമുറ (1965 മുതൽ)
-----
എഞ്ചിനുകളുടെയും ആയുധങ്ങളുടെയും കാര്യത്തിൽ മൂന്നാം തല മുറ രണ്ടാം തലമുറയോട് സാമ്യം കാണിക്കുന്നു .എന്നാൽ റഡാറുകളുടെയും വിവര വിനിമയ സംവിധാനങ്ങളുടെയും കാര്യത്തിൽ മൂന്നാം തലമുറ രണ്ടാം തലമുറയെക്കാൾ ബഹുദൂരം മുന്നിലാണ് . കൃത്യതയാർന്ന ബോംബുകളും മിസൈലുകളും മൂന്നാം തലമുറയെ വ്യത്യസ്തമാക്കി . വേരിയബിൾ ജിയോമെറ്ററി (variable geometry wings)ചിറകുകളും ഈ തലമുറയിലെ എടുത്തുപറയപെട്ട പ്രത്യേകതയാണ് .വേരിയബിൾ ജിയോമെറ്ററി ചിറകുകളുള്ള യുദ്ധവിമാനങ്ങൾക് എല്ലാ പറക്കൽ വേഗതകളിലും സ്ഥിരതയോടെയും ഇന്ധന ക്ഷമതയോടും പറക്കാൻ പറ്റി അതോടെ യുദ്ധ വിമാനങ്ങളുടെ പറക്കൽ പരിധിയും(combat range) വർധിച്ചു .യുദ്ധവിമാനങ്ങൾ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് മൂന്നാം തലമുറയുടെ വരവോടെയാണ് .മിഗ് 25 പോലെയുള്ള ചില മൂന്നാം തലമുറ വിമാനങ്ങൾ ശബ്ദത്തിന്റെ മൂന്ന് മടങ്ങുവരെ(mach 3) വേഗതയാർജിക്കാൻ കഴിവുള്ളവയാണ് . യു എസ് ഇന്റെ എഫ് 104 ,സോവിയറ്റ് യൂണിയന്റെ മിഗ് -23,മിഗ്-25 ,ഫ്രാൻസിന്റെ മിറാഷ് എഫ് -1 തുടങ്ങിയവയാണ് ചില പ്രസിദ്ധമായ മൂന്നാം തലമുറ യുദ്ധ വിമാനങ്ങൾ

നാലാം തലമുറ യുദ്ധ വിമാനങ്ങൾ (1975 മുതൽ)
-------

ഇന്നത്തെ ശക്തമായ എല്ലാ വ്യോമസേനകളും നാലാം തലമുറ യുദ്ധവിമാനങ്ങളാണ് മുഖ്യമായും ഉപയോഗിക്കുന്നത് .1975 മുതലാണ് ഇത്തരം യുദ്ധവിമാനങ്ങൾ വ്യാപകമായി നിർമിച്ചു തുടങ്ങിയത് .നാലാം തലമുറ വിമാനങ്ങളുടെ മുഖ്യമായ ആയുധം ദൃശ്യപരിധിക്കു പുറത്തു (Beyond Visual Range)പ്രഹരശേഹിയുള്ള ദൂരപരിധിയുള്ള മിസൈലുകളാണ് .വളരെ സങ്കീർണമായ റഡാർ സംവിധാനങ്ങളാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് ..പല വിമാനങ്ങളിലും ഫെസെഡ് അറേ റഡാറുകളാണ്(PHASED ARRAY RADAR) ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണ സംവിധാനം മുൻതലമുറകളിലെ ഹൈഡ്രൊലിക് സംവിധാനത്തിൽ(Hydraulic Systems) നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടർ നിയന്ത്രിത ഫ്ലൈ ബൈ വയർ(FLY BY WIRE) സംവിധാനമാണ് .ഇക്കാരണം കൊണ്ടുതന്നെ മുൻതല മുറ വിമാനങ്ങൾക്ക് കഴിയാതിരുന്ന തരത്തിൽ ഗതിമാറ്റം നടത്താൻ ( SUPER MANEUVARABILITY))ഇവക്കു സാധ്യമാണ് .അടുത്തിടെയായി അഞ്ചാം തലമുറ വിമാനങ്ങളിലെ സാങ്കേതിക വിദ്യ നാലാം തലമുറയിലേക്കു സന്നിവേശിപ്പിച്ച 4.5 തലമുറ യുദ്ധ വിമാനങ്ങളെയും രംഗത്തിറക്കിയിട്ടുണ്ട് .യു എസ് ഇന്റെ എഫ് -14,എഫ് 16 എഫ് 15 സോവിയറ്റു യൂണിയന്റെ മിഗ് -29 മിഗ് 31 സുഖോയ് 27 ,ഫ്രഞ്ച് മിറാജ് 2000, ,നമ്മുടെ തന്നെ തേജസ് എന്നിവയാണ് ചില പ്രമുഖ നാലാം തലമുറ യുദ്ധവിമാനങ്ങൾ .4.5 ആം തലമുറ യുദ്ധ വിമാനങ്ങളുടെ പട്ടികയിൽ സുഖോയ് 30MKI ,സുഖോയ്- 35S , എഫ് -15C ഫ്രഞ്ച് റാഫേൽ(RAFALE) ,യൂറോഫൈഹ്റെർ(EUROFIGHTER TYPHOON) എന്നിവയാണ് ചിലത് .

അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ (2005 മുതൽ)
----
ഈ കാലത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന അതി സങ്കീർണവും നൂതനവുമായ യുദ്ധ വിമാനങ്ങളെയാണ് അഞ്ചാം തലമുറ യുദ്ധ വിമാനമായി പരിഗണിക്കുന്നത് ..ഒരു കൂട്ടം നിബന്ധനകൾ പാലിക്കുന്ന യുദ്ധവിമാനങ്ങളെയാണ് സാധാരണ അഞ്ചാം തലമുറ യുദ്ധ വിമാനമായി വർഗീകരിക്കുന്നത്
അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ പൊതുവായ പ്രത്യേകതകൾ താഴെ പറയുന്നു .

1. റഡാറുകൾക്കു അദൃശ്യമായിരിക്കാനുള്ള കഴിവ് (stealth)
2.ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ കവച്ചു പറക്കാനുള്ള കഴിവ് .(supercruise)
3 അതിവേഗം ദിശ മാറ്റാനുള്ള കഴിവ് (Super Maneuverability)
4 ജാം ചെയ്യാൻ കഴിയാത്ത AESA റഡാര് സംവിധാനം (AESA radar)
5.കൂട്ടമായും ഒറ്റയ്ക്കും വിവര വിനിമയ സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനുള്ള കഴിവ്.(networked multi role capability)

റഡാറുകളുടെ വെട്ടിക്കാനുള്ള കഴിവ് എന്നാൽ റഡാറുകളുടെ കണ്ണിൽ നിന്നും അപ്രത്യക്ഷമാവാനുള്ള കഴിവല്ല .ഇത്തരം വിമാനങ്ങളുടെ റഡാർ ക്രോസ്സ് സെക്ഷൻ (RADAR CROSS SECTION) മറ്റു വിമാനങ്ങളുടേതി നേക്കാൾ ആയിരം മടങ്ങിലും കുറവായിരിക്കും റഡാർ ക്രോസ്സ് സെക്ഷൻ കുറക്കുന്നത് വിമാനങ്ങളുടെ പ്രതലത്തിൽ വിദ്യത് കാന്തികതരംഗങ്ങൾ പിടിച്ചെടുക്കാൻ കഴിവുള്ള പദാർത്ഥങ്ങൾ പെയിന്റ് ചെയ്തും ബഹിർഭാഗത്തെ അരികുകൾ ക്രമീകരിച്ചും ആണ് . അതി നൂതനമായ വിമാന എൻജിനുകൾ ഉപയോഗിച്ചാണ് സൂപ്പർക്രൂയ്സ് സാധ്യമാക്കുന്നത് ..ഇപ്പോഴത്തെ നിലയനുസരിച് ഇത്തരം വിമാനയന്ത്രങ്ങൾ യു എസ് ,റഷ്യ എന്നെ രാജ്യങ്ങൾക്കു മാത്രമേ ഉളളൂ .അതിൽത്തന്നെ റഷ്യൻ എൻജിൻ പരീക്ഷണഘട്ടത്തിലാണ് . അതിവേഗം ദിശ മാറ്റാനുള്ള കഴിവ് എഞ്ചിനുകളുടെ ത്രസ്റ് വെക്ടറിങ് (THRUST VECTORING)കൊണ്ടാണ് സാധ്യമാകുന്നത് .ത്രസ്റ് വെക്ടറിങ് എൻജിനുകളും യു എസ് ,റഷ്യ ,ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു മാത്രം സ്വന്തമാണ്. ആക്റ്റീവ് എലെക്ട്രോണിക്കലി സ്റ്റേർഡ് അറേ റഡാറുകളാണ് ( ACTIVE ELECTRONICALLY STEERED ARRAY RADAR- AESA Radar ) മറ്റൊരു അഞ്ചാം തലമുറ ആവശ്യം .ഇത്തരം റഡാറുകൾ ഒരു സംവിധാനം കൊണ്ടും നിർവീര്യമാക്കാൻ കഴിയില്ല .റഡാർ ജാമിങ് സംവിധാനങ്ങളെല്ലാം ഇവയുടെ മുന്നിൽ നിഷ്പ്രഭമാണ് .വിമാനത്തിൽ ഘടിപ്പിക്കാവുന്ന തരം AESA റഡാറുകൾ ഇപ്പോൾ യു എസ് യിലും റഷ്യ യിലും യൂറോപ്പിലും മാത്രമേ നിർമ്മിച്ചിട്ടുള്ളൂ . ജപ്പാൻ ചൈന തുടങ്ങിയ രാജ്യങ്ങൾ ഇത്തരം റഡാറുകൾ നിർമിക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട് .വിമാനങ്ങൾ തമ്മിലുള്ള പിടിച്ചെടുക്കാൻ കഴിയാത്ത വിവര വിനിമയ സംവിധാനമാണ് (SECURE DATA LINKS) അഞ്ചാം തലമുറ വിമാനങ്ങളുടെ മറ്റൊരു പ്രത്യേകത .ഇത്തരം വിവര വിനിമയ സംവിധാനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ രാജ്യങ്ങൾ വളരെ ജാഗ്രതയോടെ കാത്തു സൂക്ഷിക്കുന്ന രഹസ്യങ്ങളാണ് .

മേല്പറഞ്ഞ കഴിവുകളെല്ലാം ഒത്തു ചേർന്ന ഒരേ ഒരു യുദ്ധ വിമാനം മാത്രമേ ഇപ്പോൾ യുദ്ധസജ്ജമായിട്ടുളൂ . യു എസ് ഇന്റെ എഫ് 22 ആണ് ആ വിമാനം .അവരുടെ തന്നെ എഫ് 35 ഉടനെ യുദ്ധസജ്ജമാകുമെന്നാണ് റിപോർട്ടുകൾ .റഷ്യ യുടെ പാക് ഫാ(PAKFA- Prospective Aviation Complex for Frontline Aviation—‘’Perspektivny Aviatsionny Kompleks Frontovoy Aviatsii,’’ ) ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ് .അടുത്ത വര്ഷം ഈ യുദ്ധവിമാനം റഷ്യൻ വ്യോമസേനയിൽ ചേരുമെന്നാണറിയുന്നത് . ചൈന ഈയിടെയായി അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനം(J -20) വികസിപ്പിച്ചതായും അതിനെ ഇൻഡോ ചൈന അതിർത്തിയിൽ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു . ചൈനയുടെ വിമാനം റഡാർ ക്രോസ്സ് സെക്ഷൻ വളരെ കുറഞ്ഞ ഒരു സ്റ്റെൽത്(STEALTH) യുദ്ധവിമാനമാകാനാണ് സാധ്യത .ചൈന നാളിതുവരെ സ്വതന്ത്രമായി ഒരു സൂപ്പർക്രൂയ്സ് കഴിവുള്ള വിമാന എൻജിൻ നിർമ്മിച്ചിട്ടില്ല .വിമാന എൻജിനുകൾ റഷ്യയിൽ നിന്ന് അവർ ഇറക്കുമതി ചൈയ്യുകയാണ് പതിവ് .ചൈനീസ് J 20 ഇനുള്ളിൽ ഒരു AESA റഡാറുണ്ടാക്കാനുള്ള സാധ്യതയും വളരെ വിരളമാണ്

അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വളരെയേറെ വിലയുള്ളവയാണ് .എഫ് 22 ഇന് 150 മില്യൺ ഡോളറിലധികമാണ് വില ഇത് ആയിരം കോടിയിലധികം രൂപയ്ക്കു തുല്യമാണ് .ഇന്ത്യ , റഷ്യ യുമായ് ചേർന്നു FGFA(Fifth Generation Fighter Air Craft) എന്നുപേരുള്ള ഒരു അഞ്ചാം തലമുറ യുദ്ധവിമാനം നിർമിക്കാൻ പദ്ധതി ഇടുന്നതായി വാർത്തകൾ ഉണ്ടായിരുന്നു . അത് റഷ്യ നിർമിക്കുന്ന പാക്ഫാ (PAKFA)യുടെ പരിഷ്കരിച്ച പതിപ്പാവാനാണ് സാധ്യത
************************
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...